തിരുവനന്തപുരം: ആറു ലക്ഷം രക്ഷിതാക്കൾക്ക് ആർട്ടിഫിഷൽ ഇന്റലിജൻസ് പരിശീലനം നല്കുന്ന ‘സർവം എഐ മയം’ പദ്ധതിക്ക് തുടക്കമായി. ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബുകളിലെ കുട്ടികളുടെ നേതൃത്വത്തിലാണു പരിശീലനം. ജൂണ്‍ 30 വരെയാണ് പരിശീലനം. രണ്ടു മണിക്കൂർ ദൈർഘ്യമുള്ള മൊഡ്യൂൾ എഐയുടെ ഗുണങ്ങൾക്കും ദോഷങ്ങൾക്കും തുല്യ പ്രാധാന്യം നൽകുന്നു. മനുഷ്യ ബുദ്ധിക്കു സമാനമായി ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും യന്ത്രങ്ങളെ പ്രാപ്തമാക്കുന്ന മെഷീൻ ലേണിംഗ് സാങ്കേതികവിദ്യയെക്കുറിച്ച് ലളിതമായ വിശദീകരണത്തോടെയാണു പരിശീലനം ആരംഭിക്കുക.
സ്മാർട്ട് ഫോണുകളിലെ എഐ സേവനങ്ങൾ ഉപയോഗിച്ച് പക്ഷികളെയും ചെടികളെയും തിരിച്ചറിയുന്നതിനും, മറ്റു ഭാഷയിലെ ബോർഡുകൾ തത്സമയം മലയാളത്തിലേക്കു വിവർത്തനം ചെയ്യുന്നതിനും രക്ഷിതാക്കളെ പ്രാപ്തരാക്കും. എഐ ടൂളുകളുടെ സഹായത്തോടെ ചെയ്യാവുന്ന പ്രവൃത്തികൾ പരിശീലനത്തിൽ പരിചയപ്പെടുത്തും.
എഐ ഉപയോഗിച്ച് നിർമിക്കുന്ന ഡീപ്പ് ഫേക്ക് വീഡിയോകൾ, വ്യാജ ചിത്രങ്ങൾ, ശബ്ദങ്ങൾ എന്നിവ തിരിച്ചറിയാനുള്ള മാർഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
സോഷ്യൽ മീഡിയയിലെ വ്യാജവാർത്താ പ്രചാരണങ്ങളെ എങ്ങനെ പ്രതിരോധിക്കാമെന്നും, ഇന്റർനെറ്റ് മര്യാദകൾ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും രക്ഷിതാക്കൾക്ക് അവബോധം നൽകും. കൈറ്റ് വികസിപ്പിച്ച ‘സമഗ്ര പ്ലസ് ലേണിംഗ് റൂം’ പോലുള്ള എഐ അധിഷ്ഠിത വിദ്യാഭ്യാസ പ്ലാറ്റ്ഫോമുകൾ പരിചയപ്പെടുത്തും